Image

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍; ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി

Published on 17 October, 2025
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍; ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ പ്രധാന സ്പോൺസറായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്തു പോലീസ്. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്തത്.

ജനറൽ ആശുപത്രിയിലെത്തി വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

മോഷ്ടിച്ച സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈമാറിയത് കല്‍പേഷിനാണെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. കൂടാതെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരു യാത്ര ദുരൂഹമെന്നും എസ്‌ഐടി വിലയിരുത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മുന്‍ മൊഴികളിലും വൈരുധ്യമുണ്ടെന്നും എസ്‌ഐടി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി കസ്റ്റഡിയില്‍ എടുത്തത്.

ശബരിമല ശ്രീകോവിലിന്റെ മുന്‍വശത്ത്, ഇരുവശത്തുമുള്ള ദ്വാരപാലക ശില്‍പങ്ങളിലെ ചെമ്പ് പാളികളില്‍ സ്വര്‍ണം പൂശുന്നതില്‍ ഉണ്ടായ നഷ്ടങ്ങളും ക്രമക്കേടുകളും പുറത്തുവന്നതാണ് കേസിന്റെ പശ്ചാത്തലം. ദ്വാരപാലക ശില്‍പങ്ങളിലെയും കട്ടിളപാളിയിലേയും സ്വര്‍ണം നഷ്ടപ്പെട്ടെന്നും ഇത് മോഷണവും വിശ്വാസവഞ്ചനയും ക്രിമിനല്‍ ക്രമക്കേടുമാണെന്നും ഹൈക്കോടതി തന്നെ വിലയിരുത്തിയിട്ടുണ്ട്. ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണം പൊതിഞ്ഞ ചെമ്പ് പാളികള്‍, കോടതിയുടെ അനുമതിയില്ലാതെയും നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലാതെയും അറ്റകുറ്റപ്പണിക്കായി പുറത്തേക്ക് കൊണ്ടുപോയി എന്ന് വ്യക്തമായതോടെയാണ് ഹൈക്കോടതി വിഷയത്തില്‍ സജീവമായി ഇടപെടുന്നത്. 1999 ല്‍ ആണ് വ്യവസായി വിജയ് മല്ല്യ സംഭാവന ചെയ്ത 30 കിലോഗ്രാം സ്വര്‍ണം ഉപയോഗിച്ച് ശ്രീകോവിലിനൊപ്പം ദ്വാരപാലക ശില്‍പങ്ങളിലും സ്വര്‍ണം പൊതിഞ്ഞത്.

പിന്നീട് 2019 ല്‍ തിരുവനന്തപുരം സ്വദേശിയായ ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന സ്‌പോണ്‍സര്‍ക്ക് സ്വര്‍ണം പൂശാനായി ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍ കൈമാറുകയായിരുന്നു. പോറ്റിക്ക് കൈമാറുമ്പോള്‍ ഇവയുടെ തൂക്കം 42.8 കിലോഗ്രാം ആയിരുന്നു. എന്നാല്‍ സ്വര്‍ണം പൂശാനായി പാളികള്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചപ്പോള്‍ തൂക്കം 38.258 കിലോ ആയി കുറഞ്ഞു.

സ്വര്‍ണം പൂശിക്കഴിഞ്ഞപ്പോള്‍ ഭാരം 38.653 കിലോ ആയി. എന്നാല്‍ തനിക്ക് കൈമാറിയത് സ്വര്‍ണം പൊതിഞ്ഞ പാളികളല്ല, ചെമ്പ് പാളികളാണെന്നാണ് ഉണ്ണി കൃഷ്ണന്‍ പോറ്റിയുടെ വാദം. ഇതിനെല്ലാം പുറമെ ശബരിമലയിലെ വിലപ്പെട്ട വസ്തുക്കള്‍ ക്രയവിക്രയം നടത്തുമ്പോള്‍ ചെയ്യേണ്ട അടിസ്ഥാന കാര്യങ്ങള്‍ പോലും പാലിച്ചില്ല എന്നും ആക്ഷേപമുയര്‍ന്നു.

സ്വര്‍ണം അടിച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നില്ല കട്ടിളപ്പാളിയിലെ സ്വര്‍ണം പൂശലിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത് എന്നാണ് അന്വേഷണസംഘത്തോട് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞതെന്നാണ് വിവരം. സ്വര്‍ണം വിറ്റു കിട്ടുന്ന നേട്ടമല്ല, പകരം കട്ടിളപ്പാളി പലയിടത്തും പ്രദര്‍ശിപ്പിച്ച് ഭക്തി വില്‍പ്പനച്ചരക്കാക്കി ലഭിക്കുന്ന സാമ്പത്തിക നേട്ടമാണ് ലക്ഷ്യമിട്ടത്. എന്നാല്‍ തനിക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്. ഇക്കാര്യം ദേവസ്വം ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണം പൂശല്‍ ആശയം മുന്നോട്ടു വെക്കപ്പെടുന്നത് എന്നും ഉണ്ണികൃഷ്ണന്‍ പോറ്റി വെളിപ്പെടുത്തി.

സ്വര്‍ണക്കവര്‍ച്ചയില്‍ നടന്നത് വന്‍ ഗൂഢാലോചനയെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. താനൊറ്റയ്ക്കല്ല, ഉദ്യോഗസ്ഥരടക്കം വലിയ സംഘം ഇതില്‍ പങ്കാളികളാണ്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കല്‍പേഷിനെ കൊണ്ടുവന്നത്. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിനെ സ്വര്‍ണം പൂശാന്‍ ഏല്‍പ്പിച്ചപ്പോള്‍ താന്‍ നേരിട്ട് എത്തിയില്ല. അവിടെ നിന്നും ബാക്കി വന്ന സ്വര്‍ണം കല്‍പേഷ് വഴിയാണ് താന്‍ സ്വീകരിച്ചതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി വ്യക്തമാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഭരണസമിതിയും തന്നെ സഹായിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം താന്‍ പ്രത്യുപകാരം ചെയ്തിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിട്ടുണ്ട്.

രാഷ്ട്രീയമായി വലിയ കോളിളക്കമുണ്ടാക്കിയതിനാല്‍ തന്നെ ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസിന് വലിയ പ്രാധാന്യമുണ്ട്. ശബരിമല ശില്‍പ്പങ്ങളിലെ സ്വര്‍ണം ഉരുക്കി കൊള്ള നടത്തിയതിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരിക എന്നത് തന്നെയാണ് എസ്‌ഐടിക്ക് മുന്നിലുള്ള വലിയ ഉത്തരവാദിത്തം. ഉണ്ണികൃഷ്ണന്‍ പോറ്റിയും സ്മാര്‍ട്ട് ക്രിയേഷന്‍ും നടത്തിയ ഇടപാടുകളില്‍ ആരൊക്കെ പങ്കാളികളായി എന്ന് കണ്ടെത്തേണ്ടതുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക