Image

എന്നെ കുടുക്കിയവര്‍ നിയമനത്തിന് മുന്നില്‍ വരും: അറസ്റ്റിനു പിന്നാലെ ആദ്യ പ്രതികരണവുമായി ഉണ്ണികൃഷ്ണന്‍ പോറ്റി

Published on 17 October, 2025
എന്നെ കുടുക്കിയവര്‍ നിയമനത്തിന് മുന്നില്‍ വരും:  അറസ്റ്റിനു പിന്നാലെ   ആദ്യ പ്രതികരണവുമായി ഉണ്ണികൃഷ്ണന്‍ പോറ്റി

തന്നെ കുടുക്കിയവരെ നിയമനത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി. ശബരിമല സ്വര്‍ണ കൊള്ള കേസില്‍ അറസ്റ്റിലായതിനുശേഷം ആദ്യ പ്രതികരണം ഉണ്ടായത് കോടതി കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ്. പത്തനംതിട്ട റാന്നി കോടതി എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ടശേഷം കോടതിയില്‍ നിന്ന് കൊണ്ടുപോകുന്നതിനിടെ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേര്‍ക്ക് ചെരിപ്പേറ് ഉണ്ടായി. കോടതിയില്‍ നിന്ന് പുറത്തിറക്കിയ ഉണ്ണികൃഷ്ണന്‍ പോറ്റിക്കുനേരെ ബിജെപി പ്രവര്‍ത്തകനാണ് ചെരുപ്പെറിഞ്ഞത്. പത്തനംതിട്ട എആര്‍ ക്യാമ്പിലേക്കാണ് പോറ്റിയെ കൊണ്ടുപോയത്. ഉച്ചഭക്ഷണത്തിനും ചോദ്യം ചെയ്യലിനുശേഷമായിരിക്കും തിരുവനന്തുരത്തേക്ക് കൊണ്ടുപോവുക.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്കെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. പാളികളിലെ സ്വര്‍ണം തട്ടിയെടുക്കാന്‍ ആസൂത്രിത ശ്രമം നടന്നതായും രണ്ടു മുതല്‍ പത്ത് വരെ പ്രതികള്‍ക്ക് അന്യായമായ ലാഭമുണ്ടാക്കാന്‍ പോറ്റി ഇടപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ കുരുക്കിലാക്കുന്ന മൊഴിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്നത്. പോറ്റിയെ കരുവാക്കി സ്വര്‍ണം തട്ടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മുരാരിബാബു, സുധീഷ് കുമാര്‍ അടക്കമുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് പോറ്റി ഒത്താശ ചെയ്തതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


രണ്ടു കിലോ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തിയെന്ന് എസ്‌ഐടി അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാന്‍ കസ്റ്റഡി അനിവാര്യമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നടപടി ആചാര ലംഘനമാണെന്നും കൂട്ടു പ്രതികളുടെ പങ്ക് അടക്കം വ്യക്തമാകേണ്ടതുണ്ടെന്നുമാണ് അറസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക