Image

ഭരണഘടനാവകാശങ്ങള്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഔദാര്യമല്ല: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Published on 17 October, 2025
ഭരണഘടനാവകാശങ്ങള്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഔദാര്യമല്ല: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍


കൊച്ചി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ ഔദാര്യമല്ലെന്നും ഭരണഘടനയും നിയമ നീതി സംവിധാനങ്ങളും നല്‍കുന്ന സംരക്ഷണവും കരുതലും ആരുടെയും മുമ്പില്‍ അടിയറവ് വെയ്ക്കില്ലെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

എയ്ഡഡ്, അണ്‍എയ്ഡഡ് വ്യത്യാസമില്ലാതെ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനും അതിന്റെ ഭാഗമായി അദ്ധ്യാപകരെ തെരഞ്ഞെടുക്കാനും നിയമിക്കാനും അവകാശമുണ്ട്. ഈ അവകാശത്തിന്മേലുള്ള കൈകടത്തലും കടന്നുകയറ്റവുമാണ് ഭിന്നശേഷി നിയമനത്തിന്റെ മറവില്‍ അണിയറയിലൊരുങ്ങുന്നത്. ന്യൂനപക്ഷ വിദ്യാഭ്യാസമേഖലകളെയും ഇതര ഏജന്‍സികളും ട്രസ്റ്റുകളും നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഒരേ തട്ടില്‍വെച്ച് തൂക്കുന്നത് വിരോധാഭാസമാണ്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭരണഘടന നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും കൃത്യതയോടെ മനസ്സിലാക്കി പ്രതികരിക്കുവാനും അവസരോചിത ഇടപെടല്‍ നടത്തുവാനും സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കാകണം.

 
കേരളത്തിലെ ക്രൈസ്തവ മാനേജുമെന്റുകള്‍ സര്‍ക്കാരിനോട് സഹകരിച്ചുകൊണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചതും പ്രവര്‍ത്തിക്കുന്നതും. ഈ സഹകരണത്തിന്റെ മറവില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്മേല്‍ കടന്നുകയറ്റം നടത്തിയാല്‍ ശക്തമായി നേരിടും. ആക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും തെറ്റിദ്ധാരണകള്‍ പരത്തിയുമുള്ള വിരട്ടലുകള്‍ വിലപ്പോവില്ല. രാഷ്ട്രീയ അജണ്ടള്‍ നടപ്പിലാക്കാന്‍ വിദ്യാഭ്യാസമേഖലയെ ഉപകരണമാക്കി പുതുതലമുറയുടെ ഭാവി പന്താടുന്നത് ഉത്തരവാദിത്വപ്പെട്ടവര്‍ക്കാര്‍ക്കും ഭൂഷണമല്ല.

1957ലെ വിദ്യാഭ്യാസ ബില്ലിലൂടെയും 1972-73ല്‍ കോളജ് വിദ്യാര്‍ത്ഥികളുടെ ഫീസ് ഏകീകരണത്തിന്റെയും അദ്ധ്യാപകരുടെ ഡയറക്ട് പേയ്‌മെന്റിന്റെയും പേരിലും നടത്തിയ സര്‍ക്കാരിന്റെ അനിയന്ത്രിത കൈകടത്തല്‍ സുപ്രീം കോടതി തടഞ്ഞത് ഓര്‍മ്മിക്കണം. 2001ലെ സ്വാശ്രയവിഷയത്തില്‍ ന്യൂനപക്ഷ ധ്വംസനവും സാമൂഹിക നീതിനിഷേധവും ചൂണ്ടിക്കാണിച്ച് ക്രൈസ്തവ മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയെ സമീപിച്ചതും 2005 ഓഗസ്റ്റ് 13ന് ഏഴംഗഭരണഘടനാബഞ്ച് അനുകൂലമായി വിധിച്ചതും സര്‍ക്കാര്‍ മറക്കരുത്. ഇതിനെ മറികടക്കാന്‍ നിയമസഭയില്‍ അവതരിപ്പിച്ച പുതിയ ബില്ലും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. 2007     ജനുവരി 4ലെ അന്തിമവിധിയില്‍ ബില്ലിലെ ഭരണഘടനാവിരുദ്ധമായ വകുപ്പുകള്‍ നീതിപീഠം നീക്കം ചെയ്തത് ഇന്ന് സംസ്ഥാനത്ത് ഭരണംനടത്തുന്നവരും ഉദ്യോഗസ്ഥരും അറിഞ്ഞിരിക്കേണ്ടതാണ്.

ഭരണഘടന നല്‍കുന്ന വിദ്യാഭ്യാസ അവകാശങ്ങളെ ഒരു കാരണവശാലും ബലികൊടുക്കാനാവില്ലെന്നും എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നും അവകാശങ്ങളിന്മേല്‍ കൈകടത്തല്‍ നടത്തിയാല്‍ നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ ശക്തമായി പ്രതികരിക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.  
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക