ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മൂന്ന് ഇന്ത്യൻ ജീവനക്കാർ മരിച്ചു. മലയാളിയടക്കം അഞ്ച് പേരെയാണ് ഇപ്പോഴും കാണാതായത്. രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
എം.ടി. സീ ക്വസ്റ്റ് (MT Sea Quest) എന്ന കപ്പലിലേക്ക് ഇന്ത്യൻ ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള ലോഞ്ച് ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്. ആകെ 21 പേരാണ് അപകടസമയത്ത് ബോട്ടിലുണ്ടായിരുന്നത്. ഇവരിൽ 14 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. ബെയ്‌റ തുറമുഖത്തിന് സമീപം ക്രൂ ചേഞ്ചിങ്ങിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ.
സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് (DG Shipping) വൃത്തങ്ങൾ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിവരങ്ങൾ കൈമാറുന്നതിനുമായി ഹൈക്കമ്മീഷണർ ബന്ധപ്പെടാനുള്ള നമ്പറുകളും പുറത്തിറക്കിയിട്ടുണ്ട്: +258-870087401 (മൊബൈൽ), +258-821207788 (മൊബൈൽ), +258-871753920 (വാട്ട്സ്ആപ്പ്).
English summary:
Boat capsized in Mozambique; 3 Indians dead, 5 people including a Malayali missing; condition of 2 is serious.