Image

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്നു തിരി തെളിയും (സനില്‍ പി. തോമസ്)

Published on 21 October, 2025
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്നു തിരി തെളിയും (സനില്‍ പി. തോമസ്)

കൗമാര കേരളത്തെ ഉണര്‍ത്തി സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്നു തുടങ്ങും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മത്സരങ്ങള്‍ 22 മുതല്‍ 28 വരെയാണ്. ആകര്‍ഷക ഇനമായ അത്‌ലറ്റിക്‌സ് 23 മുതല്‍ ആറു നാള്‍ നടക്കും. പതിവുപോലെ കായികാധ്യാപകരുടെ പ്രതിഷേധം, ജില്ലാ തല മത്സരങ്ങള്‍ നടന്നതിലെ പാകപ്പിഴകള്‍, നിലവാരമില്ലാത്തതും പൊട്ടിപ്പൊളിഞ്ഞതുമായ ട്രാക്കുകള്‍.... ജില്ലാതല മത്സരങ്ങള്‍ വിമര്‍ശിക്കപ്പെട്ടു. പക്ഷേ, സംസ്ഥാന മേളയ്ക്കു മാറ്റുകുറയില്ല. അറിയേണ്ടത് പുത്തന്‍ താരോദയങ്ങള്‍ എത്രയെന്നതാണ്.
ടി.സി. യോഹന്നാനും സുരേഷ് ബാബുവും പി.ടി. ഉഷയും ഷൈനി വില്‍സനും കെ.എം.ബീനാമോളും അഞ്ജു ബോബി ജോര്‍ജുമൊക്കെ കടന്നുവന്ന മത്സരരംഗം. സ്‌കൂള്‍ തലത്തിലാണ് കായിക താരങ്ങളുടെ കുതിപ്പിന്റെ തുടക്കം. അത് സംസ്ഥാന തലവും ദേശീയ തലവും കടന്നു രാജ്യാന്തരവേദികളില്‍ എത്തുന്നു. രാജ്യത്തിന്റെ അഭിമാനം ഉയരുന്നു. കേരളത്തിന്റെ സംസ്ഥാന സ്‌കൂള്‍ കായികമേളയെ ഇത്തരത്തില്‍ ഏഷ്യയിലേക്കും വലുത് എന്നാണ് പണ്ടു മുതല്‍ക്കേ വിശേഷിക്കുന്നത്. പങ്കാളിത്തംകൊണ്ടു മാത്രമല്ല, പ്രകടന മികവു കൊണ്ടും പലപ്പോഴും സ്‌കൂള്‍ മീറ്റുകള്‍ ശ്രദ്ധിക്കപ്പെടുന്നു.

ഒളിംപിക്‌സ് മാതൃകയില്‍ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച് നടത്തുന്ന രണ്ടാമത്തെ സ്‌കൂള്‍ കായികമേളയാണിത്. സ്‌കൂള്‍ കലോത്സവ മാതൃകയില്‍
ഓവറോള്‍ ചാംപ്യന്‍മാര്‍ക്ക് 117.5 പവന്റെ സ്വര്‍ണ്ണക്കപ്പ് സമ്മാനിക്കും. തിരുവനന്തപുരം ജില്ലയാണ് നിലവില്‍ ഓവറോള്‍ ചാംപ്യന്‍മാര്‍. ഗെയിംസ് ഉള്‍പ്പെടെ 40 ഇനങ്ങളിലായി 18000 ത്തില്‍ അധികം കായിക താരങ്ങള്‍ പങ്കെടുക്കും. രജിസ്റ്റര്‍ അനുസരിച്ച് 18,431 താരങ്ങള്‍ എത്തേണ്ടതാണ്. ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആണ് ബ്രാന്‍ഡ് അംബാസഡര്‍. ചലച്ചിത്ര താരം കീര്‍ത്തി സുരേഷ് ഗുഡ് വില്‍ അംബാസഡറുമാണ്.
സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ അറുപത്തേഴാം പതിപ്പാണ് ഇന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുക.
ഇന്‍ക്ലൂസീവ് വിഭാഗത്തില്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 1944 കുട്ടികള്‍ മത്സരിക്കും. കഴിഞ്ഞ വര്‍ഷം യു.എ.ഇ.യില്‍ നിന്നുള്ള ആണ്‍കുട്ടികള്‍ പങ്കെടുത്തെങ്കില്‍ ഇക്കുറി അവിടെ നിന്ന് പെണ്‍കുട്ടികളും മത്സരിക്കും. ഇവരെ പതിനഞ്ചാമതൊരു ജില്ലയായി കണക്കാക്കാം. ഗള്‍ഫില്‍ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴു സ്‌കൂ ളുകളില്‍ നിന്നുള്ള 35 കുട്ടികള്‍ ആണു മത്സരിക്കുക. ഇതില്‍ 12 പെണ്‍കുട്ടികളുണ്ട്.
ജനറല്‍ വിഭാഗത്തിനും സ്‌പോര്‍ട്‌സ് ഡിവിഷനും ഇത്തവണ പ്രത്യേകം ചാംപ്യന്‍ഷിപ്പ് ലഭിക്കും. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ രണ്ടും മൂന്നും സ്ഥാനങ്ങൾ നിര്‍ണ്ണയിച്ചത് വിവാദമായിരുന്നു. കടകശ്ശേറി ഐഡിയല്‍ സ്‌കൂള്‍ 80 പോയിന്റുമായി ഒന്നാം സ്ഥാനം നേടി. തിരുനാവായ നാവാമുകന്ദ സ്‌കൂള്‍ രണ്ടാമതും(44), കോതമംഗലം മാര്‍ ബേസില്‍ (43) മൂന്നാമതും എത്തി. ഔദ്യോഗിക സൈറ്റില്‍ ഇങ്ങനെയായിരുന്നു രേഖപ്പെടുത്തിയിരുന്നതും. എന്നാല്‍ സമ്മാനവിതരണ സമയത്ത് ജി.വി. രാജാ സ്‌പോര്‍ട്‌സ് സ്‌കൂളിന് രണ്ടാം സമ്മാനം നല്‍കിയതോടെ പ്രതിഷേധം ഉയര്‍ന്നു.
നാവാമുകുന്ദയ്ക്കും മാര്‍ ബേസിലിനും പ്രതിഷേധത്തിന്റെ പേരില്‍ വിലക്കു വന്നത് വിവാദമായി. ഒടുവില്‍ വിലക്ക് പിന്‍വലിച്ചു. എന്തായാലും ഇക്കുറി ഇത്തരമൊരു പ്രശ്‌നം ഉണ്ടാകില്ല. പക്ഷേ, വിലക്കിന്റെ ഭാഗമായി രണ്ടു സ്‌കൂളുകള്‍ക്കും അവിടുത്തെ താരങ്ങള്‍ക്കും പ്രൈസ്മണി കിട്ടിയില്ല. ഇത് ഇത്തവണത്തെ തയ്യാറെടുപ്പുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്.
മുന്‍പൊക്കെ സ്‌പോര്‍ട്‌സ് ഡിവിഷന്‍കാര്‍ക്കും ജനറല്‍ സ്‌കൂള്‍ വിഭാഗത്തിനും പ്രത്യേക മത്സരങ്ങള്‍ ആയിരുന്നു. അത് ഒരുമിച്ചാക്കിയെങ്കിലും ചാംപ്യന്‍ സ്‌കൂ ള്‍ നിര്‍ണ്ണയത്തില്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍കാരെ പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ കായികമേളയില്‍ ഉണ്ടായ സംഭവം അപ്രതീക്ഷിതമാണ്.
പുതുതായി എത്തുന്ന കളരിപ്പയറ്റില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അണ്ടര്‍ 17, 19 വിഭാഗങ്ങളില്‍ മത്സരം നടക്കും. കളരിപ്പയറ്റിനൊപ്പം യോഗയും ഫെന്‍സിങ്ങും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അണ്ടര്‍ 14, 17 വിഭാഗങ്ങളില്‍ മത്സരിക്കും.
അത്‌ലറ്റിക്‌സ് ചാംപ്യന്‍മാരാകുന്ന സ്‌കൂളിന് പ്രൈസ്മണി വര്‍ധിപ്പിച്ചിട്ടുണ്ട്. ജനറല്‍ വിഭാഗത്തില്‍ ചാംപ്യന്‍മാര്‍ക്ക് രണ്ടു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 1.75 ലക്ഷം രൂപയും മൂന്നാമത് എത്തുന്നവര്‍ക്ക് 1.25 ലക്ഷം രൂപയും ലഭിക്കും.(നേരത്തെ ഇത് യഥാക്രമം 2.20 ലക്ഷം, 1.65 ലക്ഷം, 1.10 ലക്ഷം എന്നിങ്ങനെയായിരുന്നു). സ്‌പോര്‍ട്‌സ് ഡിവിഷന്‍ വിഭാഗത്തില്‍ ഒരു ലക്ഷം, 75,000, 50,000 രൂപ ക്രമത്തില്‍ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് സമ്മാനം നല്‍കും.
എന്നാല്‍ വ്യക്തിഗത വിജയത്തിനുള്ള സമ്മാനത്തുകയില്‍ മാറ്റമില്ല. അത്‌ലറ്റിക്‌സില്‍ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം 2000, 1500, 1250 രൂപ വീതവും  ഗെയിംസില്‍ 750, 500, 300 രൂപ ക്രമത്തിലും പ്രൈസ് മണി തുടര്‍ന്നും നല്‍കും.
ഓവറോള്‍ ചാംപ്യന്‍ഷിപ്പ് ജനറല്‍, സ്‌പോര്‍ട്‌സ് ഡിവിഷന്‍ വിഭാഗങ്ങൾക്ക്  പ്രത്യേകം നൽകും.എന്നാൽ മികവുകാട്ടുന്ന ജില്ലകളെ നിര്‍ണയിക്കുമ്പോള്‍ ജനറല്‍, സ്‌പോര്‍ട്‌സ് ഡിവിഷനുകള്‍ നേടിയ പോയിന്റ് സംയുക്തമായി കണിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക