
പത്തനംതിട്ട: പണം നൽകിയാൽ ആരുടെയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കാമെന്ന് പരസ്യം നല്കിയ ഹാക്കർ അറസ്റ്റിൽ. അടൂര്‍ കോട്ടമുകള്‍ സ്വദേശിയായ 23 കാരൻ ജോയല്‍ ആണ് അറസ്റ്റിലായത്. കേന്ദ്ര ഏജന്‍സികളുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സൈബർ പൊലീസാണ് ജോയലിനെ അറസ്റ്റ് ചെയ്തത്.
ഹൈദരാബാദിലെ സ്വകാര്യ ഡിക്റ്റക്ടീവ് ഏജന്‍സിക്ക് വേണ്ടി ജോലിചെയ്യുകയായിരുന്നു ഇയാളെന്നാണ് വിവരം. പണം മുടക്കാന്‍ തയ്യാറാണെങ്കില്‍ ആര്‍ക്കു വേണെമെങ്കിലും ആരുടെയും ലൈവ് ലൊക്കേഷന്‍, കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കാമെന്ന് ഇയാള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന വീഡിയോയും ഇയാള്‍ പങ്കുവെച്ചിരുന്നു.
ഈ വീഡിയോ സൈബര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ചില യുവാക്കള്‍ തങ്ങളുടെ കമിതാക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇയാളുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇയാളുടെ സേവനം തേടിയവര്‍ ആരൊക്കെയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.