
കോഴിക്കോട്: ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു പരാതിയും ഉയരാത്ത അഞ്ചാമത്തെ സിനിമാ അവാര്‍ഡാണ് പ്രഖ്യാപിച്ചതെന്ന് മന്ത്രി സജി ചെറിയാന്. കയ്യടി മാത്രമേയുള്ളൂ. മമ്മൂക്കയ്ക്ക് കൊടുത്തപ്പോള്‍ കയ്യടി. ലോകം കണ്ട ഇതിഹാസ നായകന് മോഹന്‍ലാലിനെ സര്‍ക്കാര്‍ സ്വീകരിച്ചു. മോഹന്‍ലാലിന്റെ പരിപാടിയായിരുന്നു ലാല്‍സലാം. അതിനും കയ്യടി. വേടനെപ്പോലും തങ്ങള്‍ സ്വീകരിച്ചുവെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു. കോഴിക്കോട് ന്യൂ സെന്‍ട്രല്‍ മാര്‍ക്കറ്റ് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട മന്ത്രി സജി ചെറിയാന് ബാലതാരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കാത്തതില്‍ വിശദീകരണം നല്കി. പുരസ്കാരം നല്കാന് നിലവാരമുള്ള ചിത്രം ഇല്ല എന്നു ജൂറി വിലയിരുത്തിയതിനെത്തുടര്‍ന്നാണ് ഇത്തവണ അവാര്‍ഡ് ഇല്ലാതെ പോയതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കുട്ടികളുടെ വിഷയം കാണുന്നത്. കുട്ടികള്‍ക്ക് അവാര്‍ഡ് ഇല്ലാത്തത് എന്താണെന്ന് താന്‍ ജൂറി ചെയര്മാന് പ്രകാശ് രാജിനോട് ചോദിച്ചിരുന്നുവെന്നും മന്ത്രി സജി ചെറിയാന് വ്യക്തമാക്കി.
നാലു സിനിമകളാണ് കുട്ടികളുടെ അവാര്‍ഡിനായി പരിഗണിച്ചിരുന്നത്. ഇതില്‍ രണ്ടു സിനിമകള്‍ അവസാന ലാപ്പിലേക്ക് എത്തി. എന്നാല്‍ ക്രിയേറ്റീവ് ആയ സിനിമയായി ആ രണ്ടു സിനിമയേയും ജൂറി കണ്ടില്ല. അവാര്‍ഡ് കൊടുക്കാന്‍ പറ്റുന്ന പാകത്തിലേക്ക് ആ സിനിമ എത്തിയില്ലെന്ന് ജൂറി വിലയിരുത്തി. മലയാളം പോലൊരു ഭാഷയിലെ സിനിമയില്‍ കുട്ടികളുടെ പുരസ്കാരം നല്‍കാനാകാത്തതില്‍, സത്യത്തില്‍ ജൂറി ഖേദപ്രകടനം നടത്തുകയാണ് ചെയ്തതെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു.
പട്ടികജാതി വിഭാഗത്തിനും സ്ത്രീകള്‍ക്കും പ്രത്യേക പ്രമോഷന് കൊടുക്കുന്ന സംസ്ഥാനത്ത്, ആകെ വന്ന 137 ചിത്രങ്ങളില്‍ 10 ശതമാനത്തിന് മാത്രമേ ഗുണനിലവാരം ഉള്ളൂ എന്നാണ് ജൂറി വിലയിരുത്തിയത്. വളരെ മൂല്യമുള്ള അവതരണമായി സിനിമയെ മാറ്റേണ്ടതുണ്ടെന്ന നിര്‍ദേശമാണ് ജൂറി മുന്നോട്ടുവെച്ചത്. കുട്ടികളെ മലയാള സിനിമ അതിന്റെ ഉള്ളടക്കത്തില്‍ ഉള്‍പ്പെടുത്തി ക്രിയേറ്റീവ് ആയി കൊണ്ടു വരാന്‍ ശ്രമിച്ചില്ല എന്ന വിമര്‍ശനവും ഖേദവുമാണ് ജൂറി പ്രകടിപ്പിച്ചത്. സര്‍ക്കാര്‍ ഈ കാര്യത്തില്‍ ഇടപെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഈ പശ്ചാത്തലത്തില്‍ കുട്ടികളുടെ നല്ല സിനിമ ഉണ്ടാകാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തും. അടുത്ത തവണ കുട്ടികളുടെ സിനിമ, അവര്‍ക്ക് അവാര്‍ഡ് കിട്ടുന്ന തരത്തില്‍ മാറ്റിയെടുക്കും. അതിനുള്ള നിലപാട് സര്‍ക്കാര്‍ സ്വീകരിക്കും. ജൂറി ചൂണ്ടിക്കാണിച്ച കുറവുകള്‍ സിനിമാസംഘടനകളുടെ ശ്രദ്ധയില്‍പ്പെടുത്തി, എങ്ങനെ രൂപാന്തരപ്പെടുത്താന്‍ കഴിയുമെന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സജി ചെറിയാന് പറഞ്ഞു. വിമര്‍ശനങ്ങളില്‍ വിഷമിക്കേണ്ട. അടുത്ത തവണ കുട്ടികള്‍ക്ക് അവാര്‍ഡ് ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
വേടന് അവാര്‍ഡ് ലഭിച്ചത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, വേടന് വേറെ, കുട്ടി വേറെ, രണ്ടും രണ്ടല്ലേയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. 'വേടനെപ്പോലും' എന്ന തന്റെ വാക്കു വിവാദമാക്കേണ്ടതില്ല. മലയാള സിനിമയില്‍ ശ്രീകുമാരന്‍ തമ്പിയെപ്പോലെ ഒട്ടേറെ പ്രഗത്ഭരായ ഗാനരചയിതാക്കളുണ്ട്. ആ രംഗത്ത് വേടന് അത്ര പ്രഗത്ഭനല്ല. അപ്പോഴും നല്ല കവിത എഴുതിയ വേടനെ ജൂറി സ്വീകരിക്കുകയാണ് ചെയ്തത്. അത് സ്വീകരിക്കാനുള്ള മനസ്സ് ഉണ്ടെന്നാണ് ഉദ്ദേശിച്ചത്. അതിനെ ട്വിസ്റ്റ് ചെയ്യേണ്ടതില്ലെന്നും മന്ത്രി സജി ചെറിയാന് കൂട്ടിച്ചേര്‍ത്തു.